സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു.

സർക്കാർ സ‌്കൂളുകളിൽ ഒറ്റയടിക്ക‌് 3573 അധ്യാപകർക്ക‌് നിയമനം നൽകുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് മുഴുവൻ സർക്കാർ സ‌്കൂളുകളിലെയും എൽപി, യുപി ക്ലാസുകളിലെ അധ്യാപക ഒഴിവുകൾ ഒറ്റയടിക്ക‌് നികത്തുന്നത‌്. മുഴുവൻ ഒഴിവും ഉടൻ പിഎസ‌്സിക്ക‌് റിപ്പോർട്ട‌് ചെയ്യണമെന്നും നിയമനം നടത്തണമെന്നുമുള്ള സർക്കാർ നിർദേശത്തെതുടർന്നാണിത‌്.

എൽപി സ‌്കൂൾ അധ്യാപകരായി 2525 പേർക്കും യുപി അധ്യാപകരായി 1048 പേർക്കും നിയമനം നൽകാനുള്ള തീരുമാനം അന്തിമഘട്ടത്തിലാണ‌്. അധ്യായന വർഷാരംഭത്തിന‌ുമുമ്പുതന്നെ ഒഴിവുകൾ റിപ്പോർട്ട‌് ചെയ‌്ത തസ‌്തികകളിലേക്കാണ‌് അതിവേഗ നിയമനത്തിന‌് പിഎസ‌്സി നിയമന നടപടി ആരംഭിച്ചത‌്. ഒഴിവുകൾ പിഎസ‌്സിക്ക‌് റിപ്പോർട്ട‌് ചെയ്യാത്ത സ‌്കൂൾ അധികാരികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശമാണ‌് റെക്കോഡ‌് നിയമനത്തിന‌് വഴിതുറന്നത‌്. പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ഒഴിവുവരുന്ന തസ‌്തികകളും കുട്ടികളുടെ കണക്കെടുപ്പ‌് പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്ന അധിക തസ‌്തികകളും കൂടിയാകുമ്പോൾ എണ്ണം 4000 കവിയും.

എല്ലാ ജില്ലയിലും എൽപിഎസ‌്ടി, യുപിഎസ‌്ടി തസ‌്തികകളിലേക്കുള്ള നിയമനത്തിനുള്ള ഇടപെടലും പിഎസ‌്സി ആരംഭിച്ചിട്ടുണ്ട‌്. ചില ജില്ലകളിൽ ഇന്റർവ്യൂ പൂർത്തിയായി.

നാല‌് ജില്ലകളിൽ റാങ്ക‌് ലിസ്റ്റായി. മറ്റിടങ്ങളിൽ സർട്ടിഫിക്കറ്റ‌് പരിശോധനാ നടപടികൾ പുരോഗമിക്കുന്നു.
നിപാ ബാധയെത്തുടർന്ന‌് ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ട കോഴിക്കോട‌്, മലപ്പുറം ജില്ലകളിലെ നിയമന നടപടികൾ 14ന‌് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *