ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി ,​ 20,956

ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46347 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,​682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് ഇത്തവണ 35,270 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ൽ 7983 ആയിരുന്നു എൽ.ഡ‌ി.എഫിന്റെ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായർക്ക് ലഭിച്ച ഭൂരിപക്ഷം. ചെങ്ങന്നൂരിലെ തന്നെ എക്കാലത്തേയും മികച്ച ഭൂരിപക്ഷമാണ് ഇപ്പോൾ ലഭിച്ചത്. 40 പോസ്‌റ്റൽ വോട്ടുകളും സജി ചെറിയാന് തന്നെ ലഭിച്ചു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരന്പരാഗത പഞ്ചായത്തുകളിൽ പോലും സജി ചെറിയാൻ അനായാസം പിടിച്ചു കയറി. സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതിയ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഭരണത്തെ അംഗീകരിച്ചു എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. ഉപതിരഞ്ഞെടുപ്പാണെന്ന സാങ്കേതികം പറഞ്ഞൊഴിയാമെങ്കിലും യു,ഡി.എഫിനെ ഈ തോൽവി ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്. സർക്കാരിനെതിരായ വികാരം മുതലാക്കാൻ കഴിയാതെ പോയതും പ്രചാരണ പരിപാടികളിൽ വേണ്ടത്ര മുന്നേറാനാകാതെ പോയതും യു.ഡി.എഫിന് ക്ഷീണമായി.

ആദ്യ റൗണ്ട് മുതൽ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാൻ കടുത്ത രാഷ്ട്രീയപോരാട്ടം നടന്ന ചെങ്ങന്നൂരിൽ തിളക്കമാർന്ന വിജയത്തിലെത്തിയത്. പ്രതീക്ഷിച്ച കോട്ടകൾപോലും തകർന്നതിന്റെ നിരാശ കോൺഗ്രസ്, ബി.ജെ.പി കേന്ദ്രങ്ങളിൽ തുടക്കംമുതൽ വ്യക്തമായിരുന്നു. ഇടയ്ക്കിടെ ലീഡ് നിലയിൽ ചെറിയ ഏറ്റക്കുറച്ചിൽ വന്നെങ്കിലും ഒരിക്കൽപോലും സജി ചെറിയാനെ കടത്തിവെട്ടി മുന്നേറാൻ കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾക്കായില്ല. ത്രികോണ മത്സരത്തിൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തും ബി.ജെ.പി മൂന്നാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *